കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുന്നു, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി : ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ ഒഴിയണമെന്ന് സുപ്രീംകോടതി നിര്‍ദേശം.ഇതു സംബന്ധിച്ച്‌ സുപ്രീംകോടതി ഭവന, നഗരകാര്യ മന്ത്രാലയത്തിന് കത്തയച്ചു. കാലാവധി കഴിഞ്ഞിട്ടും ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ തുടരുന്നത് കാണിച്ചാണ് നടപടി. ബംഗ്ലാവ് ഒഴിപ്പിച്ച്‌ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള 5-ാം നമ്പര്‍ ബംഗ്ലാവിലാണ് ഡി വൈ ചന്ദ്രചൂഡ് താമസിക്കുന്നത്.

സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്നും കത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൂന്ന് പേര്‍ ട്രാന്‍സിറ്റ് അപ്പാര്‍ട്ട്മെന്റുകളിലും ഒരാള്‍ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. 2022 ലെ സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) ചട്ടങ്ങളിലെ റൂള്‍ 3ആ പ്രകാരം നിര്‍വചിച്ചിരിക്കുന്ന അനുവദനീയമായ കാലയളവിനപ്പുറം ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ താമസിച്ചതായി കോടതി ചൂണ്ടിക്കാട്ടി. നവംബറില്‍ വിരമിച്ച ചന്ദ്രചൂഡിന് ആറുമാസം കൂടി ഔദ്യോഗിക വസതിയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. ഇതും മെയ് 31 ന് അവസാനിച്ചു.

വ്യക്തിപരമായ സാഹചര്യങ്ങളാണ് താമസത്തിന് കാരണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ 14 തുഗ്ലക്ക് റോഡില്‍ ബദല്‍ താമസസ്ഥലം അനുവദിച്ചിട്ടുണ്ടെന്നും കാര്യമായ നവീകരണം ആവശ്യമായി വന്നതിനാലാണ് താമസം നേരിട്ടതെന്നുമാണ് ചന്ദ്രചൂഡിന്റെ വിശദീകരണം. 2024 ഡിസംബറിലാണ് കൃഷ്ണ മേനോന്‍ മാര്‍ഗ് ബംഗ്ലാവില്‍ 2025 ഏപ്രില്‍ 30 വരെ താമസിക്കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അനുമതി തേടിയിരുന്നത്. മെയ് 31 വരെ കാലാവധി നീട്ടണമെന്ന് പിന്നീട് വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്തിമ കാലാവധിയും കഴിഞ്ഞുവെന്ന് സുപ്രീം കോടതി കത്തില്‍ വ്യക്തമാക്കി. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വസതി ഒഴിയുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

spot_img

Related Articles

Latest news