തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാനവൈസ് പ്രസിഡന്റും , പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു.അദ്ദേഹത്തിന് 77വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിതുര, ചാരുപാറ വസന്തവിലാസത്തില്‍ ജനാർദനൻ ഉണ്ണിത്താൻറേയും സുമതിയമ്മയുടേയും മകനായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയിലെ തൊഴിലാളികളുടെ സംഘടനയായ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്റെ തുടക്കം മുതലുള്ള പ്രസിഡന്റുമായിരുന്നു.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയില്‍ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. വിദ്യാഭ്യാസകാലത്ത് ഐഎസ്‌ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദള്‍ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണല്‍ കൗണ്‍സില്‍ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തോട്ടം മേഖലയില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1980-ല്‍ ജനതാ പാർട്ടി സ്ഥാനാർഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡ ലത്തില്‍ നിന്നും 2009-ല്‍ നേമം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990-ല്‍ റബ്ബർ ബോർഡ് വൈസ് ചെയർമാനായി. 1996-ല്‍ കെഎസ്‌ആർടിസി ഡയറക്‌ടർ ബോർഡംഗം,2012 മുതല്‍ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു.
ചായം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, 6 വർഷം കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കല്‍ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എച്ച്‌എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജയപ്രകാശ് കള്‍ച്ചറല്‍ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.