തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ ഡേവിഡും സുരേഷും പൊലീസിന് മൊഴി നല്‍കി.ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെയാണ് മുൻ ജീവനക്കാർ കൊലപ്പെടുത്തിയത്.
തിരുവനന്തപുരം അടിമലത്തുറയില്‍ നിന്നാണ് പ്രതികളായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും ഇന്നലെ അറസ്റ്റ് ചെയ്തത്. ആക്രമിച്ചശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസവും രാവിലെ അഞ്ചിന് ഹോട്ടല്‍ തുറക്കുന്നതാണ് ജസ്റ്റിൻ രാജിന്റെ പതിവ്. ആകെ എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റ് ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂടിയിട്ട നിലയില്‍ ജസ്റ്റിന്‍ രാജിന്റെ മൃതദേഹം കണ്ടത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.