ഗുജറാത്തില്‍ പാലം തകര്‍ന്ന് പുഴയിലേക്ക് വീണുള്ള അപകടത്തില്‍ മരണം ഒൻപതായി, പൊളിഞ്ഞ പാലത്തിന് നാല് പതിറ്റാണ്ട് പഴക്കം

 

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകർന്ന് പുഴയിലേക്ക് വീണുണ്ടായ വലിയ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. അഞ്ച് വാഹനങ്ങളും പുഴയിലേക്ക് വീണ് തകർന്നു.വഡോദര ജില്ലയിലെ പദ്ര പാലമാണ് ഏറെ തിരക്കേറിയ രാവിലത്തെ സമയം തകർന്നുവീണത്. ഒരു ടാങ്കർ ലോറി തകർന്ന പാലത്തില്‍ നിന്നും പുഴയിലേക്ക് വീഴാനോങ്ങി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചർച്ചയായി.

ഒൻപതുപേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയെന്നും പത്തോളം പേരെ രക്ഷപ്പെടുത്തിയെന്നും വഡോദര റൂറല്‍ പൊലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് വ്യക്തമാക്കി. മരണസംഖ്യ ഇനിയും വർദ്ധിക്കുമോ എന്ന ആശങ്കയും ഉണ്ട്. വഡോദര ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങള്‍, സ്ഥലവാസികള്‍ എന്നിവർ അപകടമുണ്ടായ ഉടൻ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാനായി.

പുഴയില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ ഉയർത്തിയെടുക്കാൻ സ്ഥലത്ത് വലിയ ക്രെയിനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. പാലത്തിന്റെ മോശം അവസ്ഥയും അറ്റകുറ്റപ്പണി ചെയ്യാത്തതുമാകാം അപകടത്തിനിടയാക്കിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒരു വിദഗ്ദ്ധ സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്‌തു. നിർദ്ദേശം വ്യക്തമാക്കി അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

‘ഗംഭീര പാലത്തിന്റെ 23 സ്‌പാനുകളില്‍ ഒന്ന് തകർന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ പരിക്കേറ്റവർക്ക് ഉടൻ ചികിത്സ നല്‍കാൻ വഡോദര കളക്‌ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’ ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ക്കിടെ സംസ്ഥാനത്ത്‌ പാലം തകർന്ന് ജീവഹാനിയുണ്ടാകുന്ന രണ്ടാമത് സംഭവമാണിത്. 2022ല്‍ മോർബിയില്‍ ഒരു പാലം തകർന്ന് 135 പേരാണ് മരിച്ചത്. ഇന്ന് തകർന്ന പാലം 1985ല്‍ അനന്ദ്, വഡോദര ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാനായി നിർമ്മിച്ചതാണ്.

spot_img

Related Articles

Latest news