ഗൾഫ് പ്രവാസികളോടുള്ള അവഗണനകളിൽ പ്രതിഷേധിക്കുക : ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പോവുന്ന പ്രവാസികൾക്കുള്ള ഇന്ത്യൻ വ്യോമയാന, ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം അടിയന്തിരമായി പുനഃ പരിശോധിക്കണമെന്ന് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ. വോട്ടവകാശമുള്ള കൂടുതൽ പ്രവാസികൾ വസിക്കുന്ന ഗൾഫ് മേഖലയിലുള്ളവർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് അസ്സോസിയേഷൻ പ്രസിഡണ്ട് സജാദ് നാട്ടിക ആവശ്യപ്പെട്ടു.

72 മണിക്കൂറിനുള്ളിൽ എടുത്ത PCR ടെസ്റ്റ് നെഗറ്റീവ് പരിശോധനാഫലമാണ് ഹാജരാക്കേണ്ടതും എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതും, കൂടാതെ ഇന്ത്യയിലെത്തിയാൽ വിമാനത്താവളങ്ങളിൽ മറ്റൊരു കോവിഡ് പരിശോധനക്കും ( മോളിക്യൂലാർ ടെസ്റ്റ് ) വിധേയമാവണം. UAE യിൽ പരിശോധനക്ക് 85 മുതൽ 150 ദിർഹം വരെയും , നാട്ടിൽ വിമാനത്താവളങ്ങളിൽ രണ്ടായിരം രൂപയോളവും ഇതിന് ചിലവ് വരും. രണ്ടു ടെസ്റ്റുകളും യാത്രക്കാരുടെ സ്വന്തം ചിലവിൽ നടത്തുകയും വേണം. ഇത് താങ്ങാനാവാത്ത ചിലവാണ് പ്രവാസികളിൽ വന്നു ചേർന്നിരിക്കുന്നത്.

മാത്രമല്ല 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മാത്രം നിർബന്ധമാക്കിയിരുന്ന പരിശോധന ഇപ്പോൾ പ്രസവിച്ച കുഞ്ഞുങ്ങൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. അത്‌ പ്രായോഗികമായ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉമ്മുൽ ഖുവൈൻ വിസയിലുള്ളവർക്ക് അൽ സൽ‍മ പ്രൈമറി ഹെൽത്ത് സെന്ററിൽ സൗജന്യ കോവിഡ് പരിശോധനക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .

കുടുംബത്തിലെ അംഗം മരിച്ചു എമർജൻസിയായി നാട്ടിൽ പോവുന്നവർക്ക് കോവിഡ് പരിശോധനാഫലം ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗജന്യത്തിനുള്ള മാനദണ്ഡം വളരെ വിചിത്രമാണ്. അവർ നിർബന്ധമായും 72 മണിക്കൂർ മുമ്പ് എയർ സുവിധ പോർട്ടലിൽ ഈ വിവരം അപ്‌ലോഡ് ചെയ്തു അധികൃതരുടെ അനുമതിക്കായി കാത്തിരിക്കണം. 72 മണിക്കൂറിനുള്ളിൽ ഒരു ബന്ധു മരിക്കുമെന്നും എനിക്ക് യാത്ര ചെയ്യണമെന്നും എഴുതേണ്ടി വരുമെന്നാണ് ഇതിനർത്ഥം. അങ്ങിനെയൊരു ഓപ്ഷൻ ആ പോർട്ടലിൽ ഇത് വരെ കൊടുത്തിട്ടുമില്ല. കൂടാതെ, പിതാവ് മരിച്ചു യാത്ര ചെയ്ത ഒരു പ്രവാസിയെ ഗൾഫിലെ അധികൃതർ പോവാൻ അനുവദിച്ചിട്ടും നാട്ടിലുള്ളവർ യാത്ര തടഞ്ഞു. പ്രവാസികൾ നാട്ടിലെ ബന്ധുക്കൾ മരിച്ച വിവരം അറിഞ്ഞാൽ ഉടനെ ടിക്കറ്റെടുത്ത് എയർപോർട്ടിൽ ചെന്ന് നാട്ടിൽ പോവുകയാണ് പതിവ്. അവർ എങ്ങിനെയാണ് 72 മണിക്കൂർ മുൻപ് രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല ഈ സാഹചര്യത്തിൽ ഉറ്റവരുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ പോവുന്നവർക്ക് വേണ്ടി എത്ര ദിവസത്തോളം നാട്ടിൽ അത് കാത്തു വെക്കേണ്ടി വരും എന്ന് അസോസിയേഷൻ ചോദിക്കുന്നു.

ഇവിടെ നിന്നും രണ്ടു ഡോസ് വാക്‌സിനും , പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ടും അവിടത്തെ വിമാനത്താവളത്തിലെ നെഗറ്റീവ് റിസൾട്ടുമായി വരുന്നവരോട് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് പറയുന്നതിന്റെ ഔചിത്യവും മനസ്സിലാകുന്നില്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നാട്ടിൽ സമ്മേളനങ്ങളും , ജാഥകളും , ആഘോഷങ്ങളും പൊടി പൊടിക്കുന്നിടത്തു എല്ലാ മാനദണ്ഡങ്ങളും പാലിച്ചു യാതൊരു അസുഖങ്ങളുമില്ലാത്തവരോട് ക്വാറന്റൈനിൽ ഇരിക്കണമെന്ന് നിഷ്കർഷിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് . ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നിരിക്കെ അടിയന്തിരമായി ക്വാറന്റൈൻ നിബന്ധന അധികൃതർ എടുത്തു കളയേണ്ടത് അനിവാര്യമാണ് .

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിയമ സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് പോസ്റ്റൽ വോട്ടിനുള്ള അവകാശം നിഷേധിച്ചു യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് മാത്രം അനുവദിച്ച നടപടി പിൻവലിച്ച് ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും വോട്ട് ചെയ്യാൻ നടപടി ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news