ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിർത്തിയാണ് രാജി. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് നല്‍കിയതിന് പിന്നാലെ ജഗദീപ് ധന്‍കർ വ്യക്തമാക്കി.അടുത്തിടെയായി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ജഗദീപ് ധന്‍കറിനെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. കലാവധി തീരാന്‍ രണ്ട് വർഷം ശേഷിക്കെയാണ് ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി.
“ആരോഗ്യ പരിചരണത്തെ മുൻനിർത്തി, ഡോക്ടർമാർ നല്കിയ നിർദ്ദേശങ്ങള്‍ പാലിക്കുന്നതിന്, ഞാൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഉടൻ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു,” എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ 67(എ) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം പാർലമെന്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജഗദീപ് ധന്‍കർ പറഞ്ഞു.
2022 ഓഗസ്റ്റ് 11-നാണ് ജഗദീപ് ധന്‍കർ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന നിയമവിദഗ്ധനും രാഷ്ട്രീയനേതാവുമായ അദ്ദേഹം ബംഗാള്‍ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ ധന്‍കർ ബി ജെ പിയുടെ പ്രമുഖ നേതാക്കന്മാരില് ഒരാളുമായിരുന്നു. 1989-ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഉപരാഷ്ട്രപതിയായി അദ്ദേഹം രാജ്യസഭയുടെ ചെയർമാനായി ഇന്ന് നടന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജഗദീപ് ധന്‍കർ രാജി സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്നു. മാർച്ച് 9-ന് അദ്ദേഹത്തെ എയിംസില്‍ ചെസ്റ്റ് പെയിനിന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
1989-ല്‍ ജനതാദള്‍ പാർട്ടിയുടെ അംഗമായി ജുണ്ണജുണ്ടില്നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജഗദീപ് ധന്‍കർ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ചന്ദ്രശേഖർ മന്ത്രിസഭയില്‍ സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചു. പിന്നീട് കോണ്‍ഗ്രസ്സിലും 2003-ല്‍ ബി ജെ പിയിലും ചേരുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് ആല്‍വയ്ക്കെതിരെ വലിയ ഭൂരിപക്ഷത്തിനായിരുന്നു ധന്‍കർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ധൻകറിന് 528 വോട്ടുകളും ആല്‍വയ്ക്ക് 182 വോട്ടുകളുമാണ് ലഭിച്ച്. 15 വോട്ടുകള്‍ അസാധുവായി.
ബംഗാള്‍ ഗവർണ്ണർ ആയിരിക്കെ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം തർക്കത്തില്‍ ഏർപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ജഗദീപ് ധന്‍കർ. ഇതേ തുടർന്ന് ധന്‍കർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.