നിമിഷ പ്രിയ കേസ്: സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരൻ; ‘മധ്യസ്ഥതയുടെ പേരില്‍ പണം കവര്‍ന്നു’

 

നിമിഷ പ്രിയ കേസില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം സാമുവല്‍ ജെറോമിനെതിരെ രംഗത്ത് വന്നതോടെ ഇയാള്‍ തങ്ങളുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദിയാണ് ഫേസ്ബുക്കിലൂടെ സാമുവല്‍ ജെറോമിനെതിരെ ആരോപണം ഉന്നയിച്ചത്.

സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥത എന്ന പേരില്‍ പണം പിരിക്കുകയാണെന്നും ഇയാളുമായി ഇതുവരെ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് മെഹ്ദി ഫേസ്ബുക്കില്‍ കുറിച്ചത്. മാത്രമല്ല നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ തങ്ങളെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും മെഹ്ദി ആരോപിച്ചു.നിമിഷ പ്രിയയ്ക്ക് വേണ്ടിയുളള മധ്യസ്ഥശ്രമങ്ങല്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കുന്നത് താനാണ് എന്ന തരത്തിലാണ് സാമുവല്‍ ജെറോം നേരത്തെ പ്രതികരിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലടക്കം തള്ളിയും ഇയാള്‍ രംഗത്ത് വന്നിരുന്നു. അതിിനടെയാണ് തലാലിന്റെ കുടുംബം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് സാമുവല്‍ ജെറോം നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി അഭിഭാഷകനും ആക്ഷന്‍ കൗണ്‍സിലിന്റെ നിയമോപദേശകനുമായ സുഭാഷ് ചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

കെആർ സുഭാഷ് ചന്ദ്രന്റെ കുറിപ്പ് വായിക്കാം: ” യെമനില്‍ കൊല്ലപ്പെട്ട തലാല്‍ മെഹ്‌ദിയുടെ സഹോദരൻ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച തമിഴ്നാട് സ്വദേശി സാമൂവല്‍ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തില്‍ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗണ്‍സില്‍ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നല്‍കിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗണ്‍സിലിന്റെ ഗ്രൂപ്പ് വിട്ട് പുറത്തുപോയി ; നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങള്‍ തിരക്കിയതാണ് പ്രകോപനം.

2025 ജൂലൈ 15 ന് നിമിഷയുടെ വധശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച കോടതി ഉത്തരവ് വ്യാജമാണെന്നും ചർച്ചകളില്‍ ബഹു.കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളില്‍ പ്രതികരിക്കുകയും മാധ്യസ്ഥ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൌണ്‍സില്‍ വൈസ് ചെയർമാൻ ആയിരുന്നു ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോണ്‍ തുടങ്ങിയവരെ ആക്ഷൻ കൗണ്‍സിലില്‍ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
വിവാദങ്ങള്‍ നിമിഷയുടെ മോചന ശ്രമങ്ങള്‍ക്ക് തടസ്സമാകരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പങ്കുവെക്കാതിരുന്നത് ; ഇപ്പോള്‍ ഇവർക്കെതിരെ ആരോപണങ്ങള്‍ തലാലിന്റെ കുടുംബത്തില്‍ നിന്നു തന്നെ ഉയരുന്നത്തോടെ ഇക്കാര്യത്തിലുള്ള നിലപാട് ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കുകയാണ്. കള്ളനാണയങ്ങളെ തിരിച്ചറിയുന്നതോടൊപ്പം, നിമിഷയുടെ മോചനത്തിന് ദോഷകരമാകുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ ഉള്‍പ്പടെ നമ്മളോരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ആക്ഷൻ കൗണ്‍സില്‍ വിനീതമായി അഭ്യർത്ഥിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഓരോ വിവാദങ്ങളിലും തലാല്‍ മെഹ്‌ദിയുടെ കുടുംബത്തിനുണ്ടാകുന്ന മനോവിഷമങ്ങളില്‍ ഞങ്ങള്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ; നിരുപാധികം മാപ്പ് പറയുന്നു’.

spot_img

Related Articles

Latest news