കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎ (MDMA) മിഠായി പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്തനംതിട്ട സ്വദേശിനി എൻ.എസ്. സൂര്യ (31) ഉൾപ്പെടെ നാല് പേരെ കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂര്യ ഒമാനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജൂലൈ 20ന് രാത്രി എത്തിയപ്പോൾ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
സൂര്യയെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലെത്തിയ മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി. ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം. മുഹമ്മദ് റാഫി (30) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എത്തിയ രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂര്യ ജൂലൈ 16ന് ഒമാനിലേക്ക് ജോലി അന്വേഷിച്ച് പോയതായിരുന്നു. ഒമാനിലെ പരിചയക്കാരനായ കണ്ണൂർ സ്വദേശി നൗഫലിന്റെ നിർദേശപ്രകാരം നാല് ദിവസത്തിനുള്ളിൽ മടങ്ങിയെത്തി. ഈ സമയത്താണ് ലഹരിമരുന്ന് അടങ്ങിയ ബാഗ് കൈമാറിയത്.