കോഴിക്കോട് : നരിക്കുനിയില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് (ചൊവ്വ) പതാക ഉയരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മനുഷ്യനില്ലാതാകുന്നു മനുഷ്യരില്ലാതാകുന്നു’ എന്ന പ്രമേയത്തില്‍ ഇന്ന് മുതല്‍ വരുന്ന ഞായറാഴ്ച വരെയാണ് 32ാമത് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. മനുഷ്യത്വത്തിന് വലിയ വില കല്‍പ്പിക്കപ്പെടുന്ന കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് ഈയൊരു പ്രമേയം ചര്‍ച്ച ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 10 ഡിവിഷനുകളില്‍ നിന്നുള്ള 2000ത്തില്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന് സാഹിത്യോത്സവുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലാ സാഹിത്യോത്സവിനെത്തുന്നത്. തുടര്‍ന്ന്, സംസ്ഥാന, ദേശീയ സാഹിത്യോത്സവുകളും നടക്കും.
26ന് (ശനിയാഴ്ച) രാവിലെ 10ന് തെലുങ്ക് സാഹിത്യകാരന് ഡോ. കവി യാകൂബ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി ചെറുവാടി അധ്യക്ഷത വഹിക്കും.
ആത്മീയ സംഗമം, വികസന ചര്‍ച്ച, മിഴിവ്- സാഹിത്യക്യാമ്പ്, ഗസ്സയിലെ നരഹത്യയില്‍ പ്രതിഷേധിച്ച് കുരുന്നുകള്‍ നെതന്യാഹുവിന് കത്തെഴുതുന്നു, തുടര്‍ പഠന വഴികളറിയാന്‍ കരിയര്‍ ഗാല, തവസ്സല്‍ന, തീം ഡിസ്കഷന് തുടങ്ങിയ വിവിധങ്ങളായ പരിപാടികളും പദ്ധതികളും സാഹിത്യോത്സവിന്റെ ഭാഗമായി ഇന്ന് (ചൊവ്വ) മുതല്‍ നരിക്കുനിയില്‍ നടക്കും.
മന്ത്രി പി എ മുഹമ്മദ് റിയാസ്, സയ്യിദ് അലി ബാഫഖി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, വിമീഷ് മണിയൂര്‍ തുടങ്ങിയ സാംസ്കാരിക- സാഹിത്യ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് കുണ്ടുങ്ങല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ആശിഖ് സഖാഫി കാന്തപുരം, സ്വാഗതസംഘം കോഡിനേറ്റര്‍ റാശിദ് പുല്ലാളൂര്‍, മന്‍സൂര്‍ സഖാഫി പരപ്പന്‍ പൊയില്‍ പങ്കെടുത്തു.