റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ “ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്‌കാരം” കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെച്ചാണ് പുരസ്കാര വ്യക്തിയുടെ പേര് പ്രഖ്യാപിച്ചത്.
കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണവും, താഴെതട്ടിലുളളവരുടെ ശാക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി തുടങ്ങിയ ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് അവാര്‍ഡിന് അർഹനായത്.
കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളില്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റായാണ് മഹേഷ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ബിരുദ പഠന കാലത്ത് കോളേജില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ല്‍ ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയന്‍ ചെയര്‍മാനായി. തഴവ പഞ്ചായത്ത് അംഗമായിരുന്നു. ഇടതു കോട്ടയായ കരുനാഗപ്പളളിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയെങ്കിലും 2021ല്‍ തിരിച്ചുപിടിച്ചാണ് സിആര്‍ ശ്രദ്ധേയനായത്.
കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അറീയിച്ചു.