പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പിസിആര്‍ ടെസ്റ്റ് : എയര്‍ ഇന്ത്യ കടുംപിടുത്തത്തില്‍ റിയാദില്‍ നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി

റിയാദ്: പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പിസിആര്‍ ടെസ്റ്റ് എടുത്തില്ലെന്ന കാരണത്താല്‍ റിയാദില്‍ നിന്നും നാട്ടിലേക്ക് പോകാനെത്തിയ നിരവധി പേരുടെ യാത്ര മുടങ്ങി. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രക്കെത്തിയവര്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. ഒരു വയസ്സ് പോലുമാകാത്ത കുഞ്ഞുങ്ങള്‍ക്ക് സഊദിയില്‍ പിസിആര്‍ ടെസ്റ്റ് നടത്തുന്നില്ലെന്നതടക്കമുള്ള കാര്യങള്‍ ബോധിപ്പിച്ചെങ്കിലും ഇവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയില്ല. ഒടുവില്‍ നിരവധി കുടുംബങ്ങളെ ഇവിടെ ഒഴിവാക്കിയാണ് വിമാനം യാത്ര തുടര്‍ന്നത്.

പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും പിസിആര്‍ ടെസ്റ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രക്ക് മുമ്പായി ഇവര്‍ പല തവണ എയര്‍ ഇന്ത്യ ഓഫീസില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ല. ഇ മെയിലില്‍ അന്വേഷിച്ചെങ്കിലും മറുപടിയും ലഭിച്ചില്ല. മറ്റു പല ഏജന്‍സികളുമായും അന്വേഷിച്ചെങ്കിലും അതിന് സാധ്യത ഇല്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. റിയാദില്‍ യാത്രക്കെത്തിയവരില്‍ എട്ട് മാസമായ കുഞ്ഞടക്കമുള്ള കുട്ടികള്‍ക്കാണ് ടെസ്റ്റ് റിസള്‍ട്ട് ഇല്ലെന്ന കാര്യം പറഞ്ഞു യാത്ര തടസപ്പെട്ടത്. ആറോളം കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ യാത്ര തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്ക് ടിക്കറ്റ് അടക്കം നഷ്ടമായ അവസ്ഥയാണ്. മാത്രമല്ല, കയ്യിലുള്ള മറ്റുള്ളവരുടെ പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കാലാവധിയും ഇന്നത്തോടെ അവസാനിക്കും. നജ്റാന്‍ പോലെയുള്ള ദീര്‍ഘ സ്ഥലങ്ങളില്‍ നിന്നെത്തിയ കുടുംബങ്ങളും കുടുങ്ങിയവരിലുണ്ട്. ഇവര്‍ക്ക് ഇനി അവിടേക്ക് തിരിച്ചു പോകലും ഏറെ ദുസഹമാണ്.

കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റ് കൈവശം ഉണ്ടാകുകയും അത് എയര്‍ സുവിധയില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യണമെന്ന നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്. ഇതിന് പുറമെ നാട്ടില്‍ എത്തിയ ശേഷം എയര്‍പോര്‍ട്ടില്‍ വന്‍ തുക അടച്ച്‌ മറ്റൊരു ടെസ്റ്റ് കൂടി നടത്തണമെന്ന ഉത്തരവിനെതിരെ കടുത്ത പ്രതിഷേധവും വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും പുറപ്പെടുന്ന രാജ്യത്ത് വെച്ച്‌ പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന മൂലം പ്രവാസി കുടുംബങ്ങള്‍ക്ക് യാത്ര മുടങ്ങിയത്.

നിലവില്‍ സഊദിയില്‍ അഞ്ച് വയസിനു താഴെ ഉള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ചെയ്യുന്നില്ല. സഊദിയില്‍ എന്നല്ല, ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നിരിക്കെ എയര്‍ ഇന്ത്യയുടെ കടും പിടുത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഏതായാലും ഇന്ത്യന്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

spot_img

Related Articles

Latest news