പാലക്കാട്: തോട്ടത്തില്‍ പൊട്ടിവീണ കെഎസ്ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം തോട്ടത്തില്‍ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തോട്ടത്തിലെത്തിയ മാരിമുത്തു പൊട്ടിക്കിടന്ന കെഎസ്ഇബി ലെെൻ കമ്പിയില്‍ അറിയാതെ ചവിട്ടുകയായിരുന്നു.
തെങ്ങുംതോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെയും കെഎസ്ഇബിയെയും വിവരം അറിയിച്ചു.
അതേസമയം, പാലക്കാട്-അട്ടപ്പാടി-താവളം-മുള്ളി റോഡില്‍ വൈദ്യുതി തൂണ് കടപുഴകി വീണും ഗതാഗത തടസമുണ്ടായി. മംഗലാംഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി മണ്ണാർക്കാട് ഡിവിഷന്റെ പരിധിയിലുള്ള വിവിധ സെക്ഷനുകളിലായി 115 വൈദ്യുത പോസ്റ്റുകള്‍ തകർന്നു. 18.6 ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. മണ്ണാർക്കാട്, കുമരംപുത്തൂർ, അലനല്ലൂർ, തച്ചമ്ബാറ, അഗളി സെക്ഷനുകളിലാണ് നാശഷ്ടമേറെയും. 99 എല്‍.ടി തൂണുകളും 16 എച്ച്.ടി തൂണുകളുമാണ് തകർന്നത്. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു.
ചന്ദ്രനഗർ കുപ്പിയോട് കനാല്‍ വരമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികയ്ക്ക് പരിക്കേറ്റിരുന്നു. സരോജനിയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ കൊച്ചുമകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 11 വീടുകള്‍ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കില്‍ നാല് വീടുകള്‍, മണ്ണാർക്കാട് മൂന്ന്, ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളില്‍ ഓരോ വീടുകളും ഭാഗികമായി തകർന്നു. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് ഉന്നതിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.എലപ്പുള്ളിയില്‍ മണിയേരി പച്ചരിക്കുളമ്പില്‍ ബി.രാമചന്ദ്രന്റെ വീടിന്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.
ശിരുവാണി ഡാം സ്ലൂയിസ് ഷട്ടർ പത്ത് സെന്റീ മീറ്റർ ഉയർത്തി. ശിരുവാണി പുഴ, ഭവാനി പുഴ തീരത്ത് ജാഗ്രത നിദേശം. വൈകീട്ട് അഞ്ചുവരെ 100 സെന്റീമീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. പറമ്പിക്കുളം ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റർ വീതം ഉയർത്തി. നിലവില്‍ സെക്കൻഡില്‍ 1191 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ശക്തമായ മഴയില്‍ മണ്ണാർക്കാട് ഭീമനാട് 55 -ാം മൈലില്‍ റോഡ്ല് വിള്ളല്‍. പുതുതായി നിർമ്മിച്ച റോഡിന്റെ ഒരുവശത്ത് ഉള്ള മണ്ണ് കുത്തിയൊലിച്ചു പോയത് വിള്ളലിന് കാരണമായി. നെല്ലിയാമ്പതി ലില്ലി മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷം.