തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്.
ബക്കറ്റിലെ വെള്ളം മാറ്റുന്നതിനിടെ കൂടിനകത്തുകൂടി കൈ കൊണ്ട് അടിക്കുകയായിരുന്നു എന്ന് മൃഗശാല സൂപ്രണ്ട് മഞ്ജുദേവി പറഞ്ഞു. അപ്രതീക്ഷിത ആക്രമണമായിരുന്നു. കടുവ ഓടി വരുമെന്ന് ജീവനക്കാരൻ പ്രതീക്ഷിച്ചില്ല. നെറ്റിക്കാണ് പരുക്ക്. സാരമുള്ള പരുക്കല്ലെന്നും സൂപ്രണ്ട് പറഞ്ഞു.