കൊച്ചി: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം.നിലപാട് മുതിർന്ന താരങ്ങളെ അറിയിച്ചു. മോഹൻലാല്‍,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. അനുമതി ലഭിച്ചാല്‍ ഉടൻ പിന്മാറും. ജഗദീഷ് പിന്മാറിയാല് നടി ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത.
നിലവില്‍ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാല്‍ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട നേതൃത്വനിരയിലെ പലരും മത്സരിക്കരുതെന്ന അഭിപ്രായവും ഉയർന്നു കേട്ടിരുന്നു.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ആരോപണ വിധേയരായവർ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.