ഇരുചക്രവാഹനം ഓടിക്കുന്ന ആളും പുറകില്‍ ഇരിക്കുന്ന യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം. നാല് വയസിന് മുകളില്‍ പ്രായം ഉള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാന്‍ പൊതുവേ വിമുഖത കാണിക്കുകയാണ് രക്ഷിതാക്കള്‍. കുട്ടികള്‍ക്കിടയില്‍ ഹെല്‍മറ്റ് ഉപയോഗം വ്യാപകമാക്കാന്‍ വിവിധ പദ്ധതികളുമായി വരുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
സാമം ദാനം ഭേദം ദണ്ഡം എന്ന ക്രമത്തിലാണ് അധികൃതര്‍ നിയമം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ബോധവത്കരണം. തുടർന്ന് മുന്നറിയിപ്പ്. എന്നിട്ടും വഴങ്ങാത്തവര്‍ക്ക് പിഴ ഈടാക്കും. 4 വയസു മുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യാത്തവര്‍ക്ക് കേരളത്തില്‍ 500 രൂപയാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജൂനിയര്‍ ഹെല്‍മറ്റ് ധരിപ്പിച്ച് ശീലിപ്പിച്ച് ഗതാഗത നിയമ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു അധികൃതര്‍.
കുട്ടി ഹെല്‍മറ്റുകളുടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അതോടെ ഇതിന്റെ ഉത്പാദനവും വര്‍ദ്ധിച്ചിട്ടുണ്ട്. നീല, പിങ്ക്, പച്ച തുടങ്ങി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നിറങ്ങളില്‍ ഹെല്‍മറ്റുകളുണ്ട്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്ത ഹെല്‍മെറ്റുകളും ഇറക്കുന്നുണ്ട്. 900 രൂപ മുതലാണ് വില.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പാകമാകാത്ത മുതിര്‍ന്നവരുടെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കുട്ടികള്‍ക്കു തലവേദന അനുഭവപ്പെടാതിരിക്കാന്‍ ഭാരം കുറഞ്ഞത് തിരഞ്ഞെടുക്കണം.
ബി.ഐ.എസ് മുദ്ര യുള്ള സുരക്ഷിതവുമായ ഹെല്‍മെറ്റാണ് സുരക്ഷിതം. മുഖം പൂര്‍ണമായി ആവരണം ചെയ്യുന്ന തലയില്‍ പാകമാകുന്ന ഹെല്‍മറ്റ് ആണ് വാങ്ങേണ്ടത്.