ഏപ്രില്‍ മെയ് മാസത്തിലെ സ്കൂള്‍ അവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാം ,കനത്ത മഴയുള്ള ജൂണ്‍ ജൂലൈയിലേക്ക് മാറ്റുന്നതില്‍ എന്താണ് അഭിപ്രായം ‘ : വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തില്‍ ചർച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വിശിവൻകുട്ടി.നിലവില്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍ അവധിക്കാലം കനത്ത മഴയുള്ള ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച്‌ ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി ശിവൻകുട്ടി പറയുന്നത്.

മേയ്, ജൂണ്‍ എന്ന ആശയവും ഉയർന്നുവരുന്നുണ്ട് എന്നും മന്ത്രി പറയുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഏറിയകൂറും അവധിക്കാലം മാറ്റുന്നതിന് അനുകൂലമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ നമ്മുടെ സ്കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തില്‍, സ്കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച്‌ ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂണ്‍ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച്‌ ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ

വി ശിവൻകുട്ടി

spot_img

Related Articles

Latest news