റിയാദ് ബത്ഹയില്‍ മലയാളി ഡ്രൈവര്‍ക്ക് നേരെ കത്തി കാണിച്ച്‌ ഭീഷണി; തലയ്ക്കടിച്ച്‌ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു

റിയാദ്: ബത്ഹയില്‍ മലയാളി ഡ്രൈവറെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിൻഭാഗം കൊണ്ട് തലക്കടിച്ച്‌ കൊള്ളയടിക്കുകയും ചെയ്തു.ബാങ്ക് കാർഡ്, ഇഖാമയും പണവുമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു. റിയാദില്‍ നാഷനല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് പുഴക്കരയാണ് വെള്ളിയാഴ്ച ഉച്ചക്ക് ബത്ഹയില്‍ വെച്ച്‌ ആക്രമിക്കപ്പെട്ടത്.

വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടയില്‍ ആഫ്രിക്കൻ വംശജരെന്ന് തോന്നിക്കുന്ന രണ്ടുപേർ മൂർച്ചയുള്ള നീണ്ട കത്തി കഴുത്തില്‍ വെച്ച്‌ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന ഇഖാമയും ബാങ്ക് കാർഡുമടങ്ങുന്ന പഴ്സ് ബലമായി തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. വാരാന്ത്യ ഷോപ്പിങ് നടത്തുന്നതിന് വേണ്ടി തൊഴിലാളികളെയും കൊണ്ട് ബത്ഹയില്‍ എത്തിയതായിരുന്നു രാജേഷ്.

പഴ്സില്‍ ഉണ്ടായിരുന്ന മറ്റു പേപ്പറുകളും 350 റിയാലും ആക്രമികള്‍ കൊണ്ടുപോയി. ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോള്‍ ആക്രമികള്‍ കത്തിയുടെ പിൻഭാഗം വെച്ച്‌ രാജേഷിന്റെ തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. ബോധരഹിതനായി വീഴുന്നതിനിടയില്‍ അലറി വിളിച്ചപ്പോള്‍ ആളുകള്‍ ഓടി വരുന്നത് കണ്ട് ആക്രമികള്‍ ഓടിരക്ഷപ്പെടുകയാണ് ഉണ്ടായത്. പിടിവലിക്കിടയില്‍ രാജേഷിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചുവീണതിനാല്‍ അത് നഷ്ടപ്പെട്ടില്ല. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല.

spot_img

Related Articles

Latest news