തിരുവനന്തപുരം : ശബരിമല പ്രക്ഷോഭക്കേസുകളും പൗരത്യനിയമ കേസുകളും പിൻവലിക്കുന്നു. ഗുരുതര സ്വഭാവത്തിലല്ലാത്ത കേസുകളാണ് പിൻവലിക്കുക. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു യുഡിഫ് , ബിജെപി കക്ഷികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കേസുകൾ നിലവിൽ ഉള്ളത്. അത് പോലെ CAA , NRC മുതലായവ നടപ്പിലാക്കുന്നതിന് എതിരെ നടന്ന സമരത്തിലും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ടു കേസുകളുമാണ് പിൻവലിക്കാൻ തീരുമാനമായത്.
ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.
സര്‍ക്കാരിന്റെ വൈകി വന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബിജെപി പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചു കൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബിജെപി പറഞ്ഞു.
നിരപരാധികളായ ആളുകള്‍ക്കെതിരായി എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

                                    