കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം.പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.
ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൈരൂ ഗോപാല്‍ വാർത്തയായി. കുട്ടികള്‍ മുതല്‍ പ്രായമായവർ വരെ എത്തുന്ന ക്ലിനിക്കില്‍ രാവിലെ നാല് മുതല്‍ വൈകിട്ട് നാലുവരെയായിരുന്നു സേവനം. “പണമുണ്ടാക്കാൻ ആണെങ്കില്‍ മറ്റെന്തെല്ലാം പണിയുണ്ട്” എന്ന അച്ഛന്റെ വാക്കുകള്‍ കേട്ടാണ് രൈരു ഡോക്ടർ മിതമായ ഫീസ് വാങ്ങിത്തുടങ്ങിയത്. ഞാൻ ഈ ജീവിതത്തില്‍ 18 ലക്ഷം രോഗികളെ ചികിത്സിച്ചുവെന്നാണ് അവസാനകാലത്ത് ഡോക്ടര്‍ പറഞ്ഞത്.സമാനതകളില്ലാത്ത സേവനം അവസാനിപ്പിച്ചാണ് ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടര്‍ എന്നന്നേക്കുമായി വിടവാങ്ങിയത്.
വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാല്‍, ഭാരത് മോഹൻ. സഹോദരങ്ങള്‍: ഡോ. വേണുഗോപാല്‍, പരേതനായ ഡോ. കൃഷ്ണഗോപാല്‍, ഡോ. രാജഗോപാല്‍.