കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനിയായ 23 വയസുകാരി സോന ഏല്‍ദോസ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ആണ് സുഹൃത്ത് റമീസിൻ്റെ ബന്ധുക്കള്‍.തങ്ങള്‍ ആരെയും മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് യുവാവിന്റെ വീട്ടുകാർ പറഞ്ഞത്. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടില്‍ വന്നിട്ടുണ്ടെന്നും തങ്ങള്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു. സോനയുടെ ആത്മഹത്യയില്‍ റമീസിനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും പോലീസിന് ലഭിച്ചു. ഇതില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ചെയ്തോളൂ എന്നാണ് റമീസിന്റെ മറുപടിയുള്ളത്.
അതേസമയം, സോന ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെതിരെ സോനയുടെ കുടുംബം രംഗത്തെത്തി. സോന കാര്യങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും സോനയുടെ സഹോദരൻ ബേസില്‍ എല്‍ദോസ് പറഞ്ഞു. കല്യാണ ആലോചനയുമായി വീട്ടിലെത്തുന്നത് മുതലാണ് റമീസിനെ പരിചയമെന്നും ബേസില്‍ പറഞ്ഞു. ”അവർ ഒരുമിച്ച് പഠിച്ചതാണ്. മതം മാറിയാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്ന് അവർ അവളോട് പറഞ്ഞു. പൊന്നാനിയില്‍ പോയി രണ്ട് മാസം താമസിക്കാനാവശ്യപ്പെട്ടു. അവളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞങ്ങള്‍ അതിന് സമ്മതിച്ചു. കഴിഞ്ഞ ദിവസം റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ലോഡ്ജില്‍ വെച്ച് പിടികൂടിയിരുന്നു. ഇതറിഞ്ഞ് മതം മാറാൻ സമ്മതമല്ലെന്ന് അവള് പറഞ്ഞു. രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും അവനോട് പറഞ്ഞു.
ഞങ്ങളോട് കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് അവള് പോയത്. ആലുവയില്‍ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവൻ വിളിച്ചു കൊണ്ടുപോയി. വീട്ടിലെത്തിച്ച് പൂട്ടിയിട്ട് പൊന്നാനിക്ക് പോകണമെന്ന് പറഞ്ഞ് മർദിച്ചു. റമീസിന്റെ വാപ്പ, ഉമ്മ, പെങ്ങള്, സുഹൃത്തുക്കള്‍ എല്ലാവരുമുണ്ടായിരുന്നു. സോന ആത്മഹത്യ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അവന്റെ ഉമ്മ ഞങ്ങളുടെ അമ്മയെ വിളിച്ച് മകള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞു. അമ്മ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവള് മരിച്ചിരുന്നു. റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് പിടികൂടിയ കാര്യം അവന്റെ വീട്ടിലെത്തി അറിയിച്ചത് സോനയായിരുന്നു.” ബേസില്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സോനയുടെ മുറിയില്‍ നിന്നാണ് ആത്മഹത്യക്കുറിച്ച് ലഭിക്കുന്നത്. ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. റമീസിന്റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചതായും. മതം മാറിയാല്‍ മാത്രം പോര, റമീസിന്റെ വീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും സോനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.