ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂരില്‍ ആനയുമായി സെല്‍ഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചു.ഊട്ടിയില്‍ നിന്ന് മൈസൂരിലേക്കുള്ള വയനാട് ബന്ദിപ്പൂര്‍-മുതുമല റോഡിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞ് തുടർനടപടികളെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
കാര്‍ നിർത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയയിരുന്നു ആക്രമണം. വാഹനം നിർത്താൻ നിരോധനമുള്ള സ്ഥലത്തായിരുന്നു യുവാവിന്റെ സെല്‍ഫി ശ്രമം. യുവാവിനൊപ്പം നിരവധി ആള്‍ക്കാരുമുണ്ടായിരുന്നു. ഒട്ടേറെ വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു. യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ ആന ആക്രമിക്കുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയില്‍ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതാദ്യമല്ല ബന്ദിപ്പൂരില്‍ ഇത്തരമൊരു സംഭവം നടക്കുന്നത്. ഫെബ്രുവരിയില്‍ ചാമരാജനഗർ ജില്ലയില്‍ ആനയുമായി സെല്‍ഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ആന പിന്തുടര്ന്നിരുന്നു. ഇരുവരും തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.