കോഴിക്കോട്: തടമ്പാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് തിരയുന്ന സഹോദരന് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് അടിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായാണ് വിവരം.
ശനിയാഴ്ച രാവിലെയാണ് തടമ്പാട്ട്ത്താഴം ഫ്ളോറിക്കന്‍ റോഡിലെ വാടകവീട്ടില്‍ സഹോദരിമാരായ മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹോദരന് പ്രമോദി(62)നെ സംഭവദിവസം മുതല്‍ കാണാതായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായിരുന്നു. ഇതോടെ പ്രമോദിനായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പ്രമോദ് അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിത്. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂര്‍ പോലീസിലും വിവരം അറിയിച്ചു.
മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശ്രീജയ കോവിഡിനുശേഷം തളര്‍ന്നു കിടക്കുകയായിരുന്നു. അവിവാഹിതരായ മൂന്നു പേരും മൂന്ന് വര്‍ഷത്തോളമായി ഫ്ളോറിക്കന്‍ റോഡിലെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചതാണ്. ഇവരുടെ പെന്‍ഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്ട്രിക്കല്‍ ജോലികള്‍ക്കുപുറമേ ലോട്ടറിവില്‍പ്പനയും നടത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.