കണ്ണൂർ: ട്രോളിംഗ് നിരോധനത്തെത്തുടർന്ന് കുത്തനെ ഉയർന്ന മീൻ വില വീണ്ടും താഴേക്ക്. ഒരു കിലോയ്ക്ക് 1300 രൂപ വരെയുണ്ടായിരുന്ന അയക്കൂറയ്ക്ക് ചൊവ്വാഴ്ച തലശേരി മാര്‍ക്കറ്റിലെ വില 500 – 600 രൂപയായി കുറഞ്ഞിട്ടുണ്ട്.മറ്റു മീനുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. അയലയ്ക്കും മത്തിക്കും 100 നും 120നും ഇടയിലാണ് വില. തദ്ദേശീയമായി മീൻലഭ്യത കൂടിയതോടെടെയാണ് ഇത്തരത്തില്‍ മീനുകള്‍ക്ക് വില കുറഞ്ഞത്. അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ. ഇതിന് കിലോയ്ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.
അതേസമയം ചിക്കൻ വിലയിലും നേരിയതോതില്‍ കുറവ് വന്നിട്ടുണ്ട്. മൊത്തവില കിലോയ്ക്ക് ശരാശരി 94 രൂപ, ചില്ലറ വില 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞുപോയ ആഴ്ചകളില്‍ ഇത് യഥാക്രമം 112 രൂപ, 132 രൂപ എന്നിങ്ങനെയായിരുന്നു. എന്നാല്‍, കഴിഞ്ഞ കർക്കടകമാസത്തില്‍ കിലോയ്ക്ക് 80 രൂപ വരെയായി കുറഞ്ഞിരുന്നതായി വ്യാപാരികള്‍ പറയുന്നു.
ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരുന്നത് ഈ സമയത്ത് മീൻ വില കുത്തനെ ഉയർന്നിരുന്നു. ഉണക്കമീനിന് പോലും ഈ സമയം വലിയ വിലയായിരുന്നു. എന്നാല്‍ നിരോധനം പിൻവലിച്ചപ്പോള്‍ മീനിന് വിലക്കുറവ് ഉണ്ടായെങ്കിലും ഓണം വരാനിരിക്കുന്നതോടെ ചിക്കനും മീനിനും വീണ്ടും വില വർധിക്കാൻ സാധ്യതയുണ്ട്.