ആലപ്പുഴ: കൊമ്മാടിയില്‍ മാതാപിതാക്കളെ മകന് കുത്തിക്കൊന്നു. തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട മകന് ബാബുവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
മദ്യലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമായ വിവരം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു.മുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.
ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന് ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് സമീപത്തെ ബാറില്‍ നിന്നും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്.