പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി ഉടമ. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനതോട്ടത്തില്‍ ഹരിദാസന്റെ പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റിട്ടുണ്ട്. വീടിന് സമീപത്തുള്ള പറമ്പില്‍ മേയാൻ വിട്ട പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്ന ഹരിദാസൻ തിരിച്ച് പശുക്കളുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ പശുക്കളെ കണ്ടില്ല. തുടർന്ന് നടന്ന അന്വേഷണത്തില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടെത്തുകയായിരുന്നു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഒന്ന് കയർ പൊട്ടിച്ച് വീട്ടിലേക്ക് എത്തുകയും ചെയ്തു.
തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ നടത്തിയ പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം വരുന്നതായി കണ്ടെത്തി. പിന്നാലെ വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ ആന്തരിക അവയവങ്ങളില്‍ ഉള്‍പ്പെടെ മുറിവേറ്റതായി കണ്ടെത്തി. പശുക്കള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉടമ ഒറ്റപ്പാലം പോലീസില്‍ പരാതി നല്കി.