നാടണയാൻ കാത്തിരുന്നത് 12 വര്‍ഷം; എന്നാല്‍ വിധി കാത്തുവെച്ചത് മറ്റൊന്ന്, മടക്കയാത്രയുടെ തലേദിവസം മരണം, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദില്‍ വെച്ച്‌ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ വെച്ച്‌ മരണപ്പെട്ട കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) യുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.12 വർഷമായി ദിലീപ് കുമാർ നാട്ടില്‍ പോയിരുന്നില്ല എന്നാല്‍ നാട്ടില്‍ പോകാൻ തീരുമാനിച്ച്‌ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സൗദിയില്‍ വെച്ച്‌ അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു.

വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് കഴിഞ്ഞ ഒമ്പത് വർഷമായി താമസരേഖയും മെഡിക്കല്‍ ഇൻഷുറൻസും ഇല്ലാതെയാണ് റിയാദില്‍ താമസിച്ചിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്‌റഫ് കണ്ണൂരിന്‍റെ നേതൃത്വത്തില്‍ ചികിത്സ സൗകര്യങ്ങള്‍ നല്‍കി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനല്‍ എക്‌സിറ്റും നേടി.

എന്നാല്‍ നാട്ടിലേക്ക് പോകാനായി ഒരു ദിവസം മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പന്ത്രണ്ട് വർഷം മുമ്പ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചു. ഇതോടെയാണ് ഇദ്ദേഹം നാടുമായുള്ള ബന്ധം ഭാഗീകമായി ഉപേക്ഷിച്ചത്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ തുടർ നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

spot_img

Related Articles

Latest news