ജസ്റ്റിസ് ബി.സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡി. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് രാവിലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പേര് പ്രഖ്യാപിച്ചത്.സുപ്രീംകോടതി മുൻ ജഡ്ജിയും ഹെെദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. ജഗദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അടുത്തമാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

1946 ജൂലായ് എട്ടിന് ആന്ധ്രാപ്രദേശിലാണ് ബി സുദർശൻ റെഡ്ഡി ജനിച്ചത്. 1971 ഡിസംബർ 27ന് ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലിന് കീഴില്‍ ഹെെദരാബാദില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990ല്‍ കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റാൻഡിംഗ് കൗണ്‍സിലായി പ്രവർത്തിച്ചു. ഉസ്മാനിയ സർവകലാശാലയുടെ നിയമ ഉപദേഷ്ടാവും സ്റ്റാൻഡിംഗ് കൗണ്‍സിലുമായിരുന്നു. 1995ല്‍ അദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2005ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2007ല്‍ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011ല്‍ വിരമിച്ചു.

തമിഴ്നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്‌ണനെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ കളത്തിലിറക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന് ബിജെപി പാർലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് രാധാകൃഷ്‌ണന്റെ പേര് പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് സി.പി. രാധാകൃഷ്‌ണനെ ബി.ജെ.പി രംഗത്തിറക്കിയതെന്നാണ് വിലയിരുത്തല്‍.

spot_img

Related Articles

Latest news