ലഹരിക്കെതിരെ ശക്തമായ നടപടികളുമായി കോഴിക്കോട് ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179 പേരെ പിടികൂടുകയും കോട്പ ആക്ട് പ്രകാരം 5,08,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഏഴ് മാസത്തിനെ 5,590 റൈയ്ഡുകളും 114 സംയുക്ത പരിശോധനകളുമാണ് നടത്തിയത്. 1,074 അബ്കാരി കേസുകളും
449 എന്‍ഡിപിഎസ് കേസുകളും 2551 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തു. 115.036 കിലോഗ്രാം കഞ്ചാവ്, 18 കഞ്ചാവ് ചെടി, 70.149 ഗ്രാം എംഡിഎംഎ, 865.102 ഗ്രാം മെത്താഫിറ്റമിന്‍, 3 ഗ്രാം ഹഷീഷ് ഓയില്‍, 35.955 ഗ്രാം ഹെറോയിന്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2 ഗ്രാം ചരസ്, 96.800 ഗ്രാം ഗഞ്ചാ ബാങ്, 445 ഗ്രാം ഗഞ്ചാ ചോക്ലേറ്റ്, 150 ഗ്രാം ഹൈബ്രിഡ് ഗഞ്ചാ, 395.954 കിലോ പുകയില ഉല്‍പന്നങ്ങള്‍, 473.1 ലിറ്റര്‍ ചാരായം, 3088.8 ലിറ്റര്‍ വിദേശമദ്യം, 1652.570 ലിറ്റര്‍ മാഹി വിദേശ മദ്യം, 24351 ലിറ്റര്‍ വാഷ്, 93.250 ലിറ്റര്‍ ബിയര്‍ എന്നിവയാണ് വിവിധ കേസുകളിലായി പിടികൂടിയത്.
പ്രതികളുടെ കൈവശം സൂക്ഷിച്ച 1,82,590 രൂപയും 26 മൊബൈല്‍ ഫോണുകളും വിവിധ കേസുകളിലായി 98 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 34,063 വാഹനങ്ങള്‍ പരിശോധിച്ച് 97 വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. 84 അതിഥി തൊഴിലാളി ക്യാമ്പുകളും പരിശോധിച്ചു.
മദ്യത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ ലൈസന്‍സി സ്ഥാപനങ്ങളില്‍ 1,896 തവണയാണ് പരിശോധന നടത്തിയത്. ഇവിടെനിന്ന് 523 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനക്കയച്ചു. പരിശോധ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സാമ്പിളുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മദ്യം, മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ഏഴ് മാസത്തിനിടെ 3,474 ബോധവത്കരണ പരിപാടികളും എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററിലും കൗണ്‍സിലിങ് സെന്ററിലും
ഉള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. സിന്തറ്റിക് ലഹരിയുള്‍പ്പെടെ പിടികൂടാന്‍ പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.