ന്യൂഡല്‍ഹി: ആധാർ കാർഡോ അല്ലെങ്കില്‍ 11 രേഖകളോ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നല്‍കി സുപ്രീം കോടതി.ഇതിന്റെ മുഴുവൻ നടപടിക്രമങ്ങളും വോട്ടർമാർക്ക് അനുകൂലമാകണമെന്നും കോടതി നിർദ്ദേശിച്ചു. വോട്ടർപട്ടികയില്‍ നിന്നും നീക്കംചെയ്യപ്പെട്ട വോട്ടർമാർക്ക് വീണ്ടും പേര് ചേർക്കാൻ അവകാശവാദമുന്നയിക്കാൻ ഓണ്‍ലൈനായി ആധാർ കാർഡോ മറ്റ് 11തരം രേഖകളോ ചേർക്കുന്നത് തങ്ങള്‍ അനുവദിക്കുമെന്ന് കോടതി ഇലക്ഷൻ കമ്മിഷനെ അറിയിച്ചു. ആദ്യം കമ്മിഷൻ അംഗീകരിച്ച പതിനൊന്ന് തിരിച്ചറിയല്‍ രേഖകളില്‍ ആധാർ കാർഡ് ഉള്‍പ്പെടുത്തിയിരുന്നില്ല.
പതിനൊന്ന് രേഖകളില്‍ ഒന്നോ, ആധാർ കാർഡോ സഹിതം ആവശ്യമായ ഫോമുകള്‍ സമർപ്പിക്കുന്നതിന് വോട്ടർമാരെ സഹായിക്കാൻ ബൂത്ത് ലെവല്‍ ഏജന്റുമാർക്ക് പ്രത്യേകം നിർദ്ദേശം നല്‍കണം. സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികളും ഇതിന് വോട്ടർമാർക്ക് സഹായം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ബീഹാറിലെ പാർട്ടികളൊന്നും വോട്ടർമാരെ നീക്കം ചെയ്‌ത നടപടിക്ക് ശേഷം പേര് തിരുത്തുന്നതിനും മറ്റും രംഗത്ത് വരാത്തതില്‍ സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. 85000 വോട്ടർമാർ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട് എതിർപ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതില്‍ ബൂത്ത് ഏജന്റുമാർ വഴിയോ പാർട്ടികള്‍ വഴിയോ വന്നത് രണ്ട് പേർ മാത്രമാണ് എന്നതാണ് ഇതിന് കാരണം.
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള ബീഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ധൃതിപിടിച്ച് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഓരോ വോട്ടറുടെ കാര്യത്തിലും എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ ചെയ്യുന്നത് കമ്മിഷന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയേ ഉള്ളുവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും അടക്കം സമർപ്പിച്ച ഹർജികളിലാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. ആധാർ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കണമെന്നും അന്ന് നിർദ്ദേശിച്ചിരുന്നു. ആധാർ സ്വീകരിക്കുമെന്ന് പത്രപ്പരസ്യം നല്‍കാനും കോടതി നിർദ്ദേശിച്ചു.