കോഴിക്കോട്: പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവിൽ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയിൽ എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയിൽ ഹൈലൈറ്റ് മാളിന് സമീപമുള്ള മേൽപ്പാലത്തിന് മുകളിൽ വെച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
കുന്നമംഗലത്തേക്ക് ഇലക്ട്രോണിക്സ് സാധങ്ങൾ കയറ്റിയ വാഹനമാണ് പൂർണമായി കത്തിനശിച്ചത്. എൻജിനിൽ നിന്നും തീ പടരുന്നത് കണ്ട് യാത്രക്കാർ ഉടനടി പുറത്തേക്ക് ഇറങ്ങുകയും സാധങ്ങൾ മാറ്റുകയും ചെയ്തു. അതിനു ശേഷമാണ് പുക വലിയ തീയായി ഉയർന്നത്. തുടർന്ന് മറ്റു യാത്രക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരമറിയിച്ചു. പന്തീരാങ്കാവ് പൊലീസും വെള്ളിമാടുകുന്ന്, മീഞ്ചന്ത യൂനിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു.