പഞ്ചാബില്‍ എല്‍പിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡില്‍ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്.പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് എല്‍പിജി ടാങ്കർ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 15 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ്മ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആരാധന വർമ്മ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവർക്ക് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.