സിഖുകാരുടെ പരമ്പരാഗത ആയോധന കല ലോസ് ഏഞ്ചല്‍സില്‍ റോഡിലിറങ്ങി കാണിച്ചു; ‘ഗഠ്ക പ്രകടനം നടത്തിയ 36-കാരനായ സിഖ് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ലോസ് ഏഞ്ചല്‍സ്: വാള്‍പയറ്റ് വരുന്ന സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ‘ഗഠ്ക’ തെരുവില്‍ അവതരിപ്പിച്ച സിഖുകാരനെ നടുറോഡില്‍ അമേരിക്കന്‍പോലീസ് വെടിവെച്ചു കൊലപ്പെടുത്തി.36 വയസ്സുള്ള സിഖ് യുവാവായ ഗുര്‍പ്രീത് സിംഗിനെയാണ് ലോസ് ഏഞ്ചല്‍സ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു.

ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയ്ക്ക് സമീപം ഇയാള്‍ കൃപാണ്‍ വീശിക്കൊണ്ടായിരുന്നു ‘ഗഠ്ക’ അവതരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ വീശിയ കത്തി ഇന്ത്യന്‍ ആയോധനകലയില്‍ ഉപയോഗിക്കുന്ന ‘ഖണ്ഡ’ എന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞു.

ഫിഗ്വേറോ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും ചേരുന്ന തിരക്കേറിയ കവലയില്‍ ഒരാള്‍ വലിയ വാളുപയോഗിച്ച്‌ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നിരവധി കോളുകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം. സിംഗ് തന്റെ വാഹനം റോഡിന്റെ നടുവില്‍ ഉപേക്ഷിക്കുകയും ഒരു ഘട്ടത്തില്‍ സ്വന്തം നാവ് മുറിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

ആയുധം താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ സിംഗിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതായി പോലീസ് വ്യക്തമാക്കി. പോലീസ് ഇയാളുടെ അടുത്തേക്ക് ചെന്നപ്പോള്‍, അവര്‍ക്ക് നേരെ ഒരു കുപ്പി എറിയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പിന്തുടരുന്നതിനിടയില്‍ ഇയാള്‍ അലക്ഷ്യമായി വാഹനം ഓടിക്കുകയും ഒടുവില്‍ മറ്റൊരു പോലീസ് വാഹനത്തില്‍ ഇടിച്ച്‌ ഫിഗ്വേറോയ്ക്കും 12-ാം സ്ട്രീറ്റിനും സമീപം വാഹനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വാളുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് വെടിയുതിര്‍ത്തത്.

ഗുര്‍പ്രീത് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെടിയേറ്റതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസിനോ സാധാരണക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. സംഭവം സംബന്ധിച്ച്‌ പോലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related Articles

Latest news