തൃശൂര്‍: റേഷന്‍ വിതരണം സുതാര്യമാക്കാന്‍ വിതരണ വാഹനങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കി സര്‍ക്കാര്‍. റേഷന്‍ വിട്ടെടുപ്പ്-വിതരണ വാഹനങ്ങള്‍ മുഖേന നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തി വാഹനങ്ങളെല്ലാംതന്നെ കേന്ദ്രീകൃത രീതിയില്‍ ഒന്നിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. 2013ല്‍ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ) കേരളത്തില്‍ നടപ്പാക്കിയത് മുതല്‍ ഉയര്‍ന്ന ആവശ്യമാണിത്. ഇടതു സര്‍ക്കാര്‍ ഭരണം തുടങ്ങിയ സന്ദര്‍ഭത്തിലും ആവശ്യം ശകത്മായിരുന്നു. എന്നാല്‍, ഇതുവരെ അതിന് തയാറാവാത്ത വകുപ്പ് അവസാനഘട്ടത്തില്‍ ഇതിന് തയാറാവുന്നത് സമ്മര്‍ദത്തിന് വഴങ്ങിയാണ്.
പലയിടത്തും വിതരണക്കാരും ഉദ്യോഗസ്ഥരും േചര്‍ന്ന് വ്യാപകമായ വെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്ത വകുപ്പാണ് അവസാനഘട്ടത്തില്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്തുവരുന്നത്. റേഷന്‍ മാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണ് നിരീക്ഷണ നടപടികള്‍ക്ക് എതിരുനിന്നിരുന്നത്.
കഴിഞ്ഞ മൂന്നുതവണ വിളിച്ച വാഹന കരാറിലും നിരീക്ഷണ സംവിധാനം പ്രധാന മാനദണ്ഡമായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പുതിയ കാരാര്‍ നടപടികള്‍ പുരോഗമിക്കവെ ഇത്തവണയും ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ കൃത്യത പുലര്‍ത്തിയിരുന്നില്ല. എന്തായാലും ജി.പി.എസ് ട്രാക്കിങ് സംവിധാനം നടപ്പാക്കി അഴിമതിക്ക് തടയിടാനാണ് സര്‍ക്കാര്‍ ഇേപ്പാള്‍ നടപടി സ്വീകരിക്കുന്നത്.
ഇതിെന്റ ഭാഗമായി പൊതുവിതരണത്തിനായി സപ്ലൈകോ കാരാറില്‍ എടുക്കുന്ന വാഹനങ്ങള്‍ ജി.പി.എസ് മുഖേന ബന്ധിപ്പിക്കും. ഇത്തരം വാഹനങ്ങളെല്ലാംതന്നെ കേന്ദ്രീകൃത രീതിയില്‍ ഒന്നിപ്പിക്കാന്‍ സര്‍വര്‍ ഉപയോഗിക്കും. അതിനാല്‍ കരാറില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന വാഹനങ്ങള്‍ മാത്രമേ പൊതുവിതരണത്തിന് ഉപയോഗിക്കാനാവൂ. ഇതര വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അവയുടെ വാടക നല്‍കേണ്ടതില്ലെന്ന നയം കൂടി പിന്നാലെയുണ്ടാവും. മുന്‍കൂട്ടി അപേക്ഷിക്കാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കാനുമാവില്ല.