കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു, രാവിലെ ആറു മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ, പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും, മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം പിതൃസഹോദരൻ്റെ വിവാഹം നടന്നിരുന്നു, അതിനെ തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായിട്ടാണ് കാറിൽ മാതാവും, 12 കാരനായ സഹോദരനും, പിതൃസഹോദരനും, ഭാര്യയും, കുളിക്കടവിൽ എത്തിയത്.
കടവിലെ പാറയിൽ നിൽക്കുകയായിരുന്ന തൻഹ പുഴയിലേക്ക് വീണപ്പോൾ ആദ്യം പിടിക്കാനായി ചാടിയത് 12 കാരനായിരുന്നു, എന്നാൽ ചുഴിയിൽപ്പെട്ട ഇവനെ പിതൃസഹോദരൻ രക്ഷഷപ്പെടുത്തി മറുകരയിലാക്കി, പിന്നീട് നാട്ടുകാർ ഇക്കരെയെത്തിച്ചു. തൻഹക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരും, സന്നദ്ധ സംഘടനകളും, ഫയർഫോഴ്സും രാത്രി 8.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
മുക്കം, വെള്ളിമാട്കുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും എത്തിയ സ്കൂബ ടീമും, എൻ്റെ മുക്കം, കർമ ഓമശ്ശേരി, സ്വാന്തനം, വൈറ്റ്ഗാർഡ് തുടങ്ങിയ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.