കോടതി വിധി പഞ്ചായത്ത് മുതല്‍ നിയമസഭ വരെ പ്രതിഫലിക്കും
തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനുമുള്ള വിലക്ക് പഞ്ചായത്ത് ഭരണസമിതികള്‍ മുതല്‍ നിയമസഭ വരെ പ്രതിഫലിക്കും. നിയമസഭാംഗങ്ങളില്‍ ഏതാനുംപേര്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകരായി സര്‍വീസിലുള്ളവരാണ്. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്) ബാധകമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാവും വിധി ബാധകമാവുക എന്നാണ് സൂചന.
വിധിപ്പകര്‍പ്പ് വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. വിധി കോളജുകള്‍ക്ക് കൂടി ബാധകമായാല്‍ മന്ത്രി ജലീലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ അധ്യാപകജോലി രാജിവെക്കേണ്ടിവരും. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിമിനും കോടതിവിധി തിരിച്ചടിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഇബ്രാഹിമിന് അധ്യാപകജോലി രാജിവെക്കേണ്ടിവരും.
കൈപ്പമംഗലം എം.എല്‍.എ ഇ. ടി. ടൈസണ്‍ മാസ്റ്റര്‍ക്ക് സര്‍വിസ് ബാക്കിയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഹെഡ്മാസ്റ്റര് തസ്തികയില്‍നിന്ന് സ്വയം വിരമിക്കല്‍ നേടി. നിലവിലെ നിയമസഭാംഗങ്ങളില്‍ പലരും എയ്ഡഡ് അധ്യാപകജോലിയില്‍നിന്ന് വിരമിച്ചവരോ സ്വയംവിരമിക്കല്‍ വാങ്ങിയവരോ ആയതിനാല്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എയ്ഡഡ് സ്കൂള്‍ അധ്യാപക ജോലിയില്‍നിന്ന് നേരത്തേ സ്വയംവിരമിക്കല്‍ നേടിയിരുന്നു.
വിധിക്ക് മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അംഗങ്ങളായ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ചുമതലയില്‍ തുടരുന്നതിന് തടസ്സമുണ്ടാകില്ല. എന്നാല്‍, വിധിക്ക് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല.
കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യായം 14 ‘എ’യില്‍ ചട്ടം 56 പ്രകാരം നിയമനിര്‍മാണ സഭ, തദ്ദേശ തെരഞ്ഞടുപ്പുകളില്‍ മത്സരിച്ച് വിജയിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക അവധിക്കും സര്‍വിസ് ആനുകൂല്യങ്ങള്‍ക്കും വ്യവസ്ഥ ചെയ്യുന്നുണ്ട്. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കുന്ന വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോ എന്നത് നിര്‍ണായകമാണ്.