രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ മൊഴി നല്കാൻ തയ്യാറല്ലന്ന് ഇരകള്‍. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തല്പര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. ഇരകളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗർഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിവരങ്ങള്‍ തേടി ഇരകളെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഇരകള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയായിരുന്നു.
മൊഴി നല്കാൻ തയാറല്ലെന്ന ഇരകളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികള്‍ ആലോചിക്കുക. പരാതി നല്കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്. ഗർഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്.
.