തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ഓടിച്ചിരുന്നത് പാറശാല എസ്‌എച്ച്‌ഒ തന്നെയെന്ന് കണ്ടെത്തല്‍.എസ്‌എച്ച്‌ഒ അനില്‍കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇയാള്‍ക്കെതിരേ കിളിമാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ (59) ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്.
മണിക്കൂറുകളോളം ചോരവാർന്ന് റോഡില്‍ കിടന്ന കൂലിപ്പണിക്കാരനായ രാജനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.