തിരുവനന്തപുരം: ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയില്‍ അന്നത്തെ എ.കെ.ആന്റണി സര്‍ക്കാരിനെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.അന്നത്തെ സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നുവെന്നും പൊലീസ് നടപടി അനിവാര്യമായി മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തില്‍ കോടതി വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശപ്രകാരമാണ് പൊലീസിനെ അയച്ചതെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ആന്റണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ശിവഗിരി മഠാധിപതി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ഭരണം കൈമാറാന്‍ അന്നത്തെ ഭരണസമിതി തയാറായില്ലെന്ന് മഠാധിപതി സച്ചിദാനന്ദ പറഞ്ഞു. ”ഭരണം കൈമാറണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ ആമീനുമായി പല പ്രാവശ്യം പോയെങ്കിലും ഫലമുണ്ടായില്ല. വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് അധികാരമേറ്റെടുക്കാനെത്തിയവരെ തടയുന്ന സ്ഥിതിയുണ്ടായി. ആ സാഹചര്യത്തില്‍ പൊലീസ് നടപടി അനിവാര്യമായിരുന്നു. അതുകൊണ്ടാണ് എല്ലാവരെയും എന്നും ദുഃഖിപ്പിക്കുന്ന തരത്തില്‍ അവിടെ ലാത്തിച്ചാര്‍ജ് നടന്നത്. സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ്. അത് അവര്‍ നടപ്പാക്കുകയാണ് ചെയ്തത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയ വിഷയമാണെന്നും അതില്‍ അഭിപ്രായം പറയാനില്ല” സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
ശിവഗിരിയില്‍ 1995 ഒക്ടോബര്‍ 11നുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വി.ഭാസ്കരന് നമ്ബ്യാര്‍ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും അവിടെ പൊലീസ് അതിക്രമം കാട്ടിയിട്ടില്ലെന്ന കണ്ടെത്തലാണുള്ളത്. ഇ.കെ.നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇങ്ങനെ; ‘ശിവഗിരിയില്‍ പൊലീസ് പൊതുവേ അതിക്രമം നടത്തിയിട്ടില്ലെന്നു പറയാനാവും.
ജനക്കൂട്ടം രോഷാകുലരായപ്പോള്‍ ഒന്നോ രണ്ടോ പൊലീസുദ്യോഗസ്ഥര്‍ ധൃതിപിടിച്ച് പ്രവര്‍ത്തിക്കുകയോ അധികാരപരിധി കടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, മുഴുവന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പൊലീസ് അതിക്രമം എന്ന് അതിനെ പറയാനാവില്ല. പ്രതികൂല കാലാവസ്ഥയിലും പൊലീസ് സംയമനം പാലിച്ചാണു പ്രവര്‍ത്തിച്ചത്’.
സന്യാസിമാര്‍ ഉള്‍പ്പെടെ 58 പേര്‍ക്കും 49 പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. ജനക്കൂട്ടത്തിന്റെ കല്ലേറിലാണ് ഭൂരിഭാഗം പൊലീസുകാര്‍ക്കും പരുക്കേറ്റത്. ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ലാത്തി ഉപയോഗിക്കുകയും തല്ലുകയും ചെയ്തെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി. 1999 ഓഗസ്റ്റ് 28നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കു കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.