ന്യൂഡല്‍ഹി: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നടൻ മോഹൻലാലിന്. അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ഒരു മലയാളി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് അർഹനാകുന്നത്.2023ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ വച്ച് മോഹൻലാലിന് പുരസ്കാരം സമ്മാനിക്കും.
നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ല്‍ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസർക്കാർ നല്‍കി. 2009ല്‍ ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.