റിയാദ്: സ്വദേശി യുവാവുമായി തർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ദമാമിലെ ബാദിയയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നും സംഭവം.
സൗദി പൗരനുമായുള്ള തർക്കത്തിനിടെ ഉന്തും തള്ളുമുണ്ടാവുകയും തുടർന്ന് ഏണിപ്പടികളിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സ്വദേശി പൗരന് ഇതിനു ശേഷം ഓടിരക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അടിപിടിക്ക് സാക്ഷിയായ സുഡാനി പൗരന് അറിയിച്ചത് പ്രകാരം പൊലിസ് സ്ഥലത്തെത്തി. ഉടൻ തന്നെ പൊലിസ് സ്വദേശി പൗരനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.കഴിഞ്ഞ ഏഴ് വർഷമായി ദമാമിന് സമീപമുള്ള ഖത്തീഫിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു തിരുവനന്തപുരം സ്വദേശിയായ അഖിൽ. അഖിൽ സംഭവ സ്ഥലത്ത് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിവരം. യുവാവ് ബാദിയയിൽ എന്തിനാണ് പോയതെന്ന് സുഹൃത്തുക്കൾക്കും അറിയില്ല.
അഖിലിനൊപ്പം ഖത്തീഫില് വിസിറ്റിംങ് വിസയില് എത്തിയ യുവാവിന്റെ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടില് തിരിച്ചെത്തിയത്. രണ്ട് വർഷം മുമ്പായിരുന്നു അഖിലിന്റെ വിവാഹം. റിയാദിലുള്ള യുവാവിന്റെ സഹോദരൻ ആദർശ് ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടി ക്രമങ്ങളുമായി ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംസ്കാരം നാട്ടിൽ നടത്തും.