കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസ്: കെഎം ഷാജഹാനെ ചോദ്യം ചെയ്യൽ; ഗൂഢാലോചന ആരോപിച്ച് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ

കൊച്ചി:
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജഹാനെ എറണാകുളം റൂറൽ സൈബർ പൊലീസ് ചോദ്യം ചെയ്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് സംരക്ഷണത്തോടെ എത്തിയ ഷാജഹാനെ ആലുവയിലാണ് ചോദ്യം ചെയ്തത്.

പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് കെജെ ഷൈനിനെതിരെ അവഹേളന പരാമർശങ്ങൾ നടത്തിയതെന്നും അത് സൈബർ ആക്രമണത്തിന് കാരണമായെന്നും പരാതിയുണ്ട്. എന്നാൽ, അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് കെഎം ഷാജഹാൻ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു. പറവൂർ കേന്ദ്രീകരിച്ചാണ് നീക്കം നടന്നതെന്നും വൈപ്പിൻ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തിയോ എന്ന് വ്യക്തമല്ലെന്നും അന്വേഷണം വഴി സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിലെ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി പോലീസിനോട് റിപ്പോർട്ട് തേടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഗോപാലകൃഷ്ണൻ ഹാജരായിരുന്നില്ല. മൂന്നാം പ്രതിയായ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൾ സഹകരിക്കാത്ത പക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.

അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താൻ മെറ്റയോട് വിവരങ്ങൾ തേടിയിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിനൊപ്പം തുടർനടപടികൾ ആരംഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

spot_img

Related Articles

Latest news