വയനാട്: കൊല്ലത്ത് കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതികള്‍ ഒടുവില്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്, മകന് സെയ്തലവി എന്നിവരാണ് പിടിയിലായത്.പ്രതികള്‍ക്കായി രണ്ടു ദിവസമായി തിരച്ചിലിലായിരുന്നു പൊലീസ്. ഒടുവില്‍ വയനാട്ടിലെ മേപ്പാടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൈവിലങ്ങ് പൊട്ടിച്ച നിലയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. പ്രതികള്‍ ജില്ലാ വിട്ടതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെയായിരുന്നു കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും.
തെളിവെടുപ്പിനായി കൊണ്ടുപോയ സമയത്ത് കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. വണ്ടി നിർത്തി കൊടുത്ത സമയത്താണ് ഇരുവരും ചാടി പോയത്. ഉടന്‍ തന്നെ ഡ്രോണ്‍ ഉപയോഗിച്ചും മറ്റും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇരുവരുടെയും ഫോണ്‍ ലൊക്കേഷനും ട്രാക്ക് ചെയ്തിരുന്നു.