വാഷിങ്ടന്‍ : ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യുഎസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പദ്ധതി അംഗീകരിച്ചത്.ഇരുവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ നെതന്യാഹു തന്നെയാണ് പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.
” യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു. ഗാസയ്ക്ക് യാഥാര്‍ത്ഥ്യബോധമുള്ള പാത ഒരുക്കുന്നതാണ് ട്രംപിന്റെ പദ്ധതി. യുദ്ധത്തില്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതാണ് ആ പദ്ധതി. ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നു പിന്മാറും” നെതന്യാഹു പറഞ്ഞു.
ഒക്ടോബര്‍ 7 മറക്കില്ലെന്നും ഇസ്രയേലിനെ ആക്രമിച്ചാല്‍ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കള്‍ക്കു മനസിലായിട്ടുണ്ടെന്നും നെതന്യാഹു മുന്നറിയിപ്പു നല്കി. ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ അതിന്റെ ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് വളരെ അടുത്തെത്തിയെന്ന് പ്രതികരിച്ച ട്രംപ് ‘വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി. അതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി ഹമാസിന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കൻ നിർദ്ദേശം “സദുദ്ദേശ്യത്തോടെ” പഠിക്കുകയാണെന്ന് ഹമാസ് പറയുമ്ബോള്‍, ഈ പദ്ധതി “മേഖലയെ തകർക്കാനുള്ള ഒരു പാചകക്കുറിപ്പ്” ആണെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) ഗ്രൂപ്പ് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശം സ്വാഗതം ചെയ്ത് ലോകരാജ്യങ്ങളും രംഗത്തെത്തി. ധീരവും ബുദ്ധിപരവുമായ പദ്ധതി എന്നാണ് മുൻ യു കെ പ്രധാനമന്ത്രി സർ ടോണി ബ്ലെയർ ആ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ഈ കരാറിന് അന്തിമരൂപം നല്‍കുന്നതിനും അത് യാഥാർത്ഥ്യമാക്കുന്നതിനും എല്ലാ കക്ഷികളും യു എസിന് ഒപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഹ്വാനം ചെയ്തു. ഹമാസ് പദ്ധതിയോട് യോജിക്കുകയും, ആയുധങ്ങള്‍ താഴെ വെച്ച് ബാക്കിയുള്ള എല്ലാ ബന്ദികളെ മോചിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തര്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ നീക്കത്തിന് കയ്യടി നല്കുന്നു.
നേരത്തെ, ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ത്താനിയെ ഫോണില്‍ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയിരുന്നു. ഖത്തറിനെ ആക്രമിച്ചതിലാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഈ മാസം 9നാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ട്രംപും കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.