കോഴിക്കോട്: തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ദേശീയപാത 66 (പഴയ എന്‍.എച്ച് 17) റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത് അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്. ഗ്രൂപ്പുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.
15 വര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണ് ഭാരത് മാല പദ്ധതിയില്‍പ്പെടുന്ന ഈ റോഡ് വികസിപ്പിക്കുന്നത്. സംസ്ഥാനാതിര്‍ത്തിയില്‍ നിന്നുള്ള ആദ്യ റീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. രണ്ടു വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.