ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില്‍ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലയിലേക്ക് വാനില്‍ പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.
ഇരുവരെയും തിരുവണ്ണാമല സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാവുകയുമായിരുന്നു. പിന്നാലെ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. തിരുവണ്ണാമല വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസുദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരു കോണ്‍സ്റ്റബിള്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.