കണ്ണൂർ: തനിക്ക് നേരെയുണ്ടായ നാട്ടുകാരുടെ കയ്യേറ്റശ്രമം ബോധപൂർവ്വം ആയിരുന്നില്ലെന്ന് കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനൻ.ഡയാലിസിസ് സെന്ററില്‍ നിന്നുള്ള മാലിന്യപ്രശ്നത്തില്‍ ഒരാഴ്ച മുൻപേ ഇടപെട്ടിരുന്നതാണ്. അഞ്ചാം തീയതി രാവിലെ ഇരുവിഭാഗവും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്ന യോഗം ചെയർമാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യം ഉള്ളതായി അറിയില്ല. പൊലീസില്‍ പരാതി നല്കാൻ ഇല്ലെന്നും സ്വമേധയ കേസെടുത്താല്‍ സഹകരിക്കുമെന്നും എംഎല്‍എ മോഹനൻ പറഞ്ഞു.
എന്നാല്‍ എംഎല്‍എയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ കണ്ടാല്‍ അറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി പൊലീസാണ് സമേധയാക്കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ഇന്ന് രാവിലെയായിരുന്നു പെരിങ്ങത്തൂരില്‍ അങ്കണവാടി ഉദ്ഘാടനത്തിനായി എംഎല്‍എ എത്തിയിരുന്നത്. മാലിന്യ പ്രശ്നത്തിൻ്റെ പേരില്‍ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎല്‍എ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.അങ്കണവാടിയ്ക്ക് സമീപമായി മാസങ്ങളായി ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. എംഎല്‍എ നടന്നു വരുന്നതിനിടെ പ്രകോപിതരായ പ്രതിഷേധക്കാർ കെ പി മോഹനനെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീകളടങ്ങുന്ന വലിയൊരു സംഘം വാക്കേറ്റം അടക്കം ഉണ്ടാകുകയും ചെയ്തിരുന്നു.