വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി.ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ബീച്ചില്‍ റോബർട്ടിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് റോബർട്ട് ബീച്ചില്‍ എത്തുകയും തുടർന്ന് കടലില്‍ കുളിക്കാൻ ഇറങ്ങുകയുമായിരുന്നു. എന്നാല്‍, വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ ഇത് തടഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടർന്ന് റോബർട്ടിനെ തൊഴിലാളികള്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കടലിലും മണലിലുമിട്ട് വലിച്ചിഴച്ച് മർദ്ദിച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും ഇദ്ദേഹത്തെ മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്നാണ് അക്രമികള്‍ പിൻമാറിയത്.
ടൂറിസം പോലീസെത്തി പരിക്കേറ്റ റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് റോബർട്ട് പ്രതികരിച്ചു.