ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബിഎസ് ഗവായ്ക്ക് എതിരേ ഷൂ എറിയാന്‍ ശ്രമം.സുപ്രീംകോടതി യുടെ ചീഫ് ജസ്റ്റീസിന്റെ ഒന്നാം നമ്പര്‍ കോടതിമുറിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്ന് ഇയാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തിട്ടുള്ളതായിട്ടാണ് വിവരം.
ചീഫ് ജസ്റ്റീസ് ഗവായ് യും ജസ്റ്റീസ് വിനോദ് ചന്ദ്രനുമാണ് ഇന്ന് കോടതിയില്‍ ഉണ്ടായിരുന്നത്. കോടതി തുടങ്ങുന്നതിന്റെ ഭാഗമായി സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് മുമ്ബുള്ള മെന്‍ഷന്‍ ടൈമില്‍ ആയിരുന്നു പ്രകോപനം. സനാതന ധര്‍മ്മത്തോടുള്ള അതിക്രമങ്ങള്‍ സഹിക്കില്ലെന്ന് പറഞ്ഞാണ് അക്രമിയുടെ നീക്കമുണ്ടായത്. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് പോകുകയും ചെയ്തു. ഇയാള്‍ അഭിഭാഷകനാണോ അതോ അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണോ എന്ന കാര്യത്തിലുള്ള പരിശോധനകള്‍ നടന്നു വരികയാണ്.
വലിയ സുരക്ഷാ സംവിധാനമുള്ള സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസിന്റെ മുറിയില്‍ നടന്ന ആക്രമണം വലിയ സുരക്ഷാപ്രശ്നം ഉയര്ത്തിവിട്ടിരിക്കു കയാണ്. സാധാരണഗതിയില്‍ സുപ്രീംകോടതിയില്‍ കയറണമെങ്കില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാസ് വേണമെന്നിരിക്കെ ഇയാള്‍ എങ്ങിനെ കോടതിയില്‍ പ്രവേശിച്ചു എന്ന് അന്വേഷിക്കും. ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന ചീഫ് ജസ്റ്റീസാണ് ഗവായ്. എന്നാല്‍ ഇത് തന്റെ ശ്രദ്ധ തിരിക്കില്ലെന്നായിരുന്നു ജസ്റ്റീസ് ബിഎസ് ഗവായ് യുടെ പ്രതികരണം.