റിയാദ്:
ലോകരാജ്യങ്ങളാകെ യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴും അതൊന്നും ചെവിക്കൊള്ളാതെ ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിലെ ഭീകര ഭരണകൂടമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു.
കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഗാസയിലെ വംശഹത്യക്കെതിരെയും പലസ്തീൻ ജനതയോടുള്ള അനുഭാവപ്രകടനമായും ബത്ഹ സബർമതിയിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മാനിഷാദ ഐക്യദാർഢ്യ സദസ്’ ശ്രദ്ധേയമായി.
സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങ് ഒഐസിസി ചെയർമാൻ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് ഇസ്രായേലിന്റെ അടങ്ങാത്ത യുദ്ധകൊതിക്ക് ഇരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണിയിലും രോഗത്തിലും മരിച്ചുകിടക്കുന്ന ജനങ്ങളെ രക്ഷിക്കാനാകാത്തത് മനുഷ്യരാശിയുടെ വീഴ്ചയാണ്. ഗാസയുടെ പൂർണ്ണ അധിനിവേശത്തിന് ശ്രമിക്കുന്ന ഇസ്രായേലിനെതിരെ ലോകം ശക്തമായ ശബ്ദം ഉയർത്തേണ്ട സമയമാണിത്, എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ഭാരവാഹികളായ ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, അബ്ദുൽ കരീം കൊടുവള്ളി, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, നാദിർഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, അശ്റഫ് മേച്ചേരി എന്നിവർ സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
ഏതൊരു ഭീകരതയും എതിർക്കപ്പെടേണ്ടതാണ്. ഒരു രാജ്യത്തെയും ഭീകരത രക്ഷിക്കില്ല, മറിച്ച് അതിലെ ജനങ്ങളെ നാശത്തിലേക്ക് തള്ളിവിടും. ആ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് എക്കാലവും ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിരുന്നത്, എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പരിപാടിക്ക് ബിനോയ് മത്തായി, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ കണ്ണൂർ, ജംഷാദ് തുവ്വൂർ, അലക്സ് കൊട്ടാരക്കര, സൈനുദ്ധീൻ വല്ലപ്പുഴ, ഹാഷിം കണ്ണാടിപറമ്പ്, ഷംസീർ പാലക്കാട്, മുനീർ കണ്ണൂർ, സാദിഖ് വടപുറം, സോണി തൃശൂർ, ഷറഫു ചിറ്റൻ തുടങ്ങിയവർ നേതൃത്വം നൽകി.