റിയാദ്: പ്രവാസ സൗഹൃദങ്ങൾക്ക് നന്മയുടെ കരുതൽ എന്ന പേരിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദ് ജരീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും നോർക്ക ഹെൽപ്പ് ഡെസ്ക്കും ശ്രദ്ധേയമായി.
ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ തുടങ്ങിയ പരിപാടികൾ പതിനൊന്ന് മണി വരെ നീണ്ടു. റിയാദ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർ പേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
പ്രവാസ ലോകത്തും നാട്ടിലും നന്മ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും, പ്രവാസികൾ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുക വഴി ആരോഗ്യ കരമായ ഒരു ജീവിതം കെട്ടിപ്പെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയും ചെയ്തു. രോഗങ്ങളില്ലാതെ നാട്ടിലെത്തൽ കൂടിയായിരിക്കണം ഒരു പ്രവാസിയുടെ ലക്ഷ്യമെന്നും അവർ ഉദ്ബോധിപ്പിച്ചു.
ക്യാമ്പിൽ പങ്കെടുക്കുത്തവർക്ക് ജീവിതശൈലീ രോഗ നിർണ്ണയ പരിശോധനകൾ, ദന്ത പരിശോധന, ജനറൽ മെഡിസിൻ ഡോക്ടർ കൺസൾട്ടിംഗ് മുതലായവ സൗജന്യമായി ലഭ്യമായിരുന്നു. ജരീർ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. ബാലചന്ദ്രൻ, മെക്-സെവൻ ഹെൽത്ത് ക്ലബ് പ്രതിനിധി ഷുക്കൂർ പൂക്കയിൽ എന്നിവർ നടത്തിയ ആരോഗ്യ ചർച്ചാ ക്ലാസ് ഏറെ വിജ്ഞാനപ്രദമായിരുന്നു.
ക്യാമ്പിൽ എത്തിച്ചേർന്ന നിരവധി പേർ പ്രയോജനപ്പെടുത്തിയ നോർക്ക ഹെൽപ്പ് ഡെസ്ക്കിന് അസ്ഫർ അലി നേതൃത്വം നൽകി. നന്മ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ബഷീർ സ്വാഗതം പറഞ്ഞു.
ജരീർ മെഡിക്കൽസിനുള്ള നന്മയുടെ സ്നേഹോപഹാരം ഡോ. ബാലചന്ദ്രൻ, ഷാഫി പാലക്കാട്, തുടങ്ങിയവർ ചേർന്ന് നന്മയുടെ സൗദി നാഷണൽ കോർഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി. ട്രഷറർ അനസ് ലത്തീഫ് നന്ദി പറഞ്ഞു.
നവാസ് ലത്തീഫ്, മുനീർ ജലാലുദ്ദീൻ, സത്താർ മുല്ലശ്ശേരി, ഷുക്കൂർ മണപ്പള്ളി, ഷമീർ കുനിയ്യത്ത്, ഷമീർ തേവലക്കര, റിയാസ് വഹാബ്, സജീവ്, സുൽഫിക്കർ, അഷ്‌റഫ് മുണ്ടയിൽ, റിയാസ് സുബൈർ, സക്കീർ ഹുസൈൻ, നൗഫൽ നൂറുദ്ദീൻ, അംജദ്, ഹാരിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.